ധനവിചാരം
തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് പുതിയ ഭരണസാരഥികളായി. പ്രതീക്ഷകളും സങ്കല്പങ്ങളും സ്വാഭാവികമായും ഉയർന്നതായിരിക്കും. പക്ഷേ, ചുമതലകൾ നിർവഹിക്കാനിറങ്ങുമ്പോഴാണ് കളി കാര്യമാകുന്നത്. പണമില്ലായ്മയാണ് അവരെ കാത്തിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം.  പഞ്ചായത്തുകളുടെ ബില്ലുകൾ ട്രഷറിയിൽനിന്ന്‌ മടക്കുന്നതായി കഴിഞ്ഞദിവസം ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 500 കോടി രൂപയുടെ ബില്ലുകളാണത്രേ ഇങ്ങനെ കുടിശ്ശിക കിടക്കുന്നത്. ട്രഷറിനിയന്ത്രണമാണ് കാരണം. ഇങ്ങനെ സംഭവിക്കുമെന്നാണ് ആറേഴുമാസമായി ഞാനും നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നത്.  ജനകീയാസൂത്രണം തുടങ്ങിയകാലംമുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റുകൾ 12 ഗഡുക്കളായി മുൻകൂർ നൽകുകയാണ് പതിവ്. ചെലവഴിച്ചില്ലെങ്കിലും ഈ പണം പഞ്ചായത്തിന്റെ അക്കൗണ്ടിലുണ്ടാകും. എന്തെങ്കിലും നിയന്ത്രണം വർഷാവസാനം പ്രതീക്ഷിച്ചാൽ മതി. 75 ശതമാനം പണമെങ്കിലും ചെലവാക്കിയിരിക്കണം. അതിലും കുറഞ്ഞാൽ, കുറവുവരുന്ന പണം ലാപ്സാകും. പഞ്ചായത്തിന്റെ പ്രോജക്ട്‌ പൂർത്തിയാകുന്ന മുറയ്ക്ക് പണം പിൻവലിക്കുന്നതിന് ഒരു തടസ്സവുമുണ്ടാകുന്നില്ല എന്നതാണ് ഈ സംവിധാനത്തിന്റെ മെച്ചം. 75 ശതമാനം പണം ചെലവഴിക്കണമെന്ന് നിബന്ധനയുള്ളതുകൊണ്ട് ചെലവാക്കാത്ത പണം അക്കൗണ്ടിൽ കുന്നുകൂടുമെന്ന ഭയവും വേണ്ട. പിന്നെ ഈ പണം ട്രഷറി അക്കൗണ്ടിലാണ് കിടക്കുന്നതെന്നതുകൊണ്ട് ട്രഷറിയുടെ കാഷ് മാനേജ്‌മെന്റിൽ ഈ സംവിധാനം പ്രത്യേകിച്ചൊരു സമ്മർദവുമുണ്ടാക്കുന്നില്ല. ഏറ്റവും ഭംഗിയായി ഈ സംവിധാനം 18 വർഷം പ്രവർത്തിച്ചു.
ഒരു വിശദീകരണവും നൽകാതെ കഴിഞ്ഞവർഷം ഈ രീതി അവസാനിപ്പിച്ചു. ഇനിമേൽ പഞ്ചായത്തിന് മുൻകൂറായി പണം കൈമാറില്ല. ഓരോ പ്രോജക്ടും പൂർത്തീകരിക്കുന്ന മുറയ്ക്ക് അലോട്ട്‌മെന്റ് ലെറ്ററുമായി ട്രഷറിയിൽ ബില്ലുസമർപ്പിച്ച് പണം പിൻവലിക്കാം. ട്രഷറിയിൽ പണമില്ലാതെവന്നാൽ പഞ്ചായത്തിന്‌ പണം കിട്ടില്ലെന്നുമാത്രം. പൊതുമരാമത്തുവകുപ്പിലെ കോൺട്രാക്ടർമാർക്ക് ഒന്നരവർഷത്തെ ബില്ലുകളാണ് കുടിശ്ശികയായിക്കിടക്കുന്നത്. ഈ ഗതി പഞ്ചായത്തിന്റെ ബില്ലുകൾക്കു വന്നാൽ പഞ്ചായത്തിന്റെ പ്രവർത്തനം സ്തംഭിക്കുമെന്ന്‌ പറയേണ്ടതില്ലല്ലോ. പുതിയ ഭരണസമിതികൾ ഭരണമേൽക്കുന്നതിനു മുമ്പുതന്നെ ഈ ദുർഗതി വന്നുകഴിഞ്ഞെന്നാണ്‌ ‘മാതൃഭൂമി’ റിപ്പോർട്ടുചെയ്തത്.
പുതുതായി രൂപവത്‌കരിച്ച മുനിസിപ്പാലിറ്റികളുടെ അവസ്ഥയാണ് പരമദയനീയം. മുൻകാലങ്ങളിലും പുതിയ മുനിസിപ്പാലിറ്റികൾ രൂപവത്‌കരിച്ചിട്ടുണ്ട്. അന്നൊക്കെ സത്യപ്രതിജ്ഞയ്ക്കുമുമ്പുതന്നെ എല്ലാ കാര്യങ്ങളിലും തീർപ്പുണ്ടാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. പക്ഷേ, ഇത്തവണ അതൊന്നുമുണ്ടായിട്ടില്ല. പുതിയ എല്ലാ മുനിസിപ്പാലിറ്റിയുടെയും സ്ഥിതി ഏതാണ്ടിതാണ്. നിലവിലുള്ള പഞ്ചായത്തുകളെ മുനിസിപ്പാലിറ്റിയായി ഉയർത്തിയ സ്ഥലങ്ങളിലൊന്നും  ആന്തൂറിനെപ്പോലെ സമ്പൂർണപാപ്പരല്ല എന്നേയുള്ളൂ. പഴയ പഞ്ചായത്തിന്റെ പണമെങ്കിലും അവരുടെ കൈവശമുണ്ട്. എന്നാൽ, അത്‌ ചെലവാക്കണമെങ്കിൽ പുതിയ ട്രഷറി അക്കൗണ്ട്‌ നമ്പരുംമറ്റും കൂടിയേതീരൂ. ഇതൊക്കെ എന്നാകുമെന്നൊരു തിട്ടം ആർക്കുമില്ല. ആകെ അരാജകാവസ്ഥ. പുതിയ ബ്ലോക്കുകളും പഞ്ചായത്തുകളും രൂപവത്‌കരിക്കുന്നതിന്‌ തിരഞ്ഞെടുപ്പു കമ്മിഷൻ തടയിട്ടില്ലായിരുന്നെങ്കിൽ കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങൾ സമ്പൂർണ സ്തംഭനത്തിലേക്കു നീങ്ങിയേനെ. എന്തുകൊണ്ടോ ഏറെ ഗൗരവമുള്ള ഈ സ്ഥിതിവിശേഷം ഇതുവരെ മാധ്യമശ്രദ്ധയിൽ വന്നിട്ടില്ല.
മറ്റൊരു ഗൗരവമായ ധനകാര്യപ്രശ്നം സ്പിൽ ഓവർ പ്രോജക്ടുകളെ സംബന്ധിച്ചാണ്. രൂക്ഷമായ ധനകാര്യപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം ധനവകുപ്പ് ഒരു പുതിയ സമീപനം കൈക്കൊണ്ടു. ഇപ്രകാരമായിരുന്നു പഞ്ചായത്തുകൾക്കു നൽകിയ വാഗ്ദാനങ്ങൾ: പ്രോജക്ടുകൾ ധൃതിപിടിച്ചു ചെയ്തുതീർക്കേണ്ട. പ്രോജക്ട് പൂർത്തിയാക്കിയില്ല എന്നതുകൊണ്ട്‌ പണം ലാപ്സാകില്ല. ഇങ്ങനെ മിച്ചംവരുന്ന പണം ഇലക്‌ട്രോണിക് ലഡ്ജർ അക്കൗണ്ടിൽ രേഖപ്പെടുത്തിയാൽ മതി. അടുത്തവർഷം ഈ പണം പിൻവലിക്കുന്നതിന്‌ തടസ്സമൊന്നും ഉണ്ടാകില്ല.
ഈ മോഹനസുന്ദരവാഗ്ദാനങ്ങളിൽ വീണുപോയ പല തദ്ദേശസ്ഥാപനങ്ങളും അവർക്കുലഭിച്ച ഫണ്ടിന്റെ ഗണ്യമായൊരു ഭാഗം ലഡ്ജർ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഇപ്പോൾ പൂർത്തിയാകാത്ത പ്രോജക്ടുകൾ നടപ്പാക്കുന്നതിനുവേണ്ടി പണം പിൻവലിക്കാൻ ചെന്നപ്പോൾ സർക്കാർ കാലുമാറി. നടപ്പുവർഷത്തെ ഗ്രാന്റിൽനിന്ന് പണം പിൻവലിച്ച് ചെലവാക്കിയാൽ മതിയെന്നാണ് പഞ്ചായത്തുകൾക്കു കിട്ടിയ മറുപടി. എന്നുവെച്ചാൽ ഇലക്‌ട്രോണിക് ലെഡ്ജർ അക്കൗണ്ടിൽ നിക്ഷേപിച്ച സ്പിൽ ഓവർ പ്രോജക്ടുകളുടെ പണം ഇനി ലഭിക്കില്ല. ഇതോടെ പുതിയ പ്രാദേശികസർക്കാറുകൾക്ക് നടപ്പുവാർഷികപദ്ധതിക്ക്‌ പണം തികയാതെവരും.
പുതിയ ജനപ്രതിനിധികളിൽ ഭൂരിപക്ഷവും നവാഗതരാണ്. ഇവർക്കുള്ള പരിശീലനങ്ങൾ പൂർത്തിയാക്കിയാൽമാത്രമേ പദ്ധതിനിർവഹണം ആരംഭിക്കാനാവൂ. ഇതു ചെയ്യാനുള്ള പ്രാപ്തി ‘കില’യ്ക്കുണ്ട്. എന്നാൽ, ഇപ്പോൾ വരുന്ന വാർത്തകൾ അസ്വസ്ഥതാജനകമാണ്. പരിശീലനം സ്വകാര്യ ഏജൻസികൾക്ക് സബ്‌ കോൺട്രാക്ട് കൊടുക്കാൻ നീക്കമുണ്ടത്രേ. ലോകബാങ്കിന്റെ വായ്പ തദ്ദേശഭരണസ്ഥാപനങ്ങൾക്കുവേണ്ടി സ്വീകരിച്ചപ്പോൾപ്പോലും ഒരു പുറം ഏജൻസി ഓഡിറ്റിങ്ങിനോ പരിശീലനത്തിനോ ഇടപെടാൻ പാടില്ല എന്ന നിബന്ധന നാം അങ്ങോട്ടുവെക്കുകയായിരുന്നു.
ഇതൊക്കെ തടസ്സങ്ങൾ. എന്തു തടസ്സമുണ്ടെങ്കിലും പുതിയ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പ്രവർത്തനക്ഷമമായേ തീരൂ. നല്ല തുടക്കമുണ്ടായാൽ പാതി പ്രശ്നം തീരും. എന്തിനായിരിക്കണം ഏറ്റവും മുൻഗണന? അധികാരവികേന്ദ്രീകരണത്തിലെ നാമമാത്രമായ ജനപങ്കാളിത്തം മെച്ചപ്പെടുത്തുന്നതാണ് ഏറ്റവും പ്രധാനമെന്ന്‌ എനിക്കു തോന്നുന്നു. ശരിയായ തീരുമാനങ്ങളുണ്ടാക്കുന്നതിനും സുതാര്യതയുടെ അടിസ്ഥാനത്തിൽ അഴിമതിയില്ലാതാക്കുന്നതിനും വർധിച്ച ജനപങ്കാളിത്തമാണ് ഗ്യാരന്റി. ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വേദിയായി ഭരണഘടന കാണുന്നത് ഗ്രാമസഭകളെയാണ്. എന്നാൽ, വാർഡ് അടിസ്ഥാനത്തിലുള്ള കേരളത്തിലെ വലിയ ഗ്രാമസഭകൾക്ക് പരിമിതിയുണ്ട്. ഇത്‌ മറികടക്കുന്നതിനായി ജനകീയാസൂത്രണകാലത്ത് ഗ്രാമസഭകളുടെ ഉപഘടകങ്ങളായി പൊതു അയൽക്കൂട്ടങ്ങൾക്ക്‌ രൂപംനൽകി. ഇതിൽ ആദ്യത്തെ പരീക്ഷണം കല്യാശ്ശേരി പഞ്ചായത്തിലായിരുന്നു. പിന്നീടിത് 200 പഞ്ചായത്തുകളിലേക്കുകൂടി വ്യാപിപ്പിച്ചു. പക്ഷേ, വേണ്ടത്ര ഫലപ്രദമായില്ല. ഈ പൊതു അയൽക്കൂട്ടപരീക്ഷണത്തെ വീണ്ടും നടപ്പാക്കാനാണ് അയൽസഭകളെന്നപേരിൽ യു.ഡി.എഫ്. സർക്കാർ ശ്രമിച്ചത്. ഇതിനുപകരം താഴെപ്പറയുന്ന ഒരു സമ്പ്രദായം പരീക്ഷിക്കാവുന്നതാണ്.
പഞ്ചായത്തും മുനിസിപ്പാലിറ്റികളും അടിയന്തരമായി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു കുറിപ്പ് കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കും റെസിഡൻറ്‌സ് അസോസിയേഷനുകൾക്കും പുരുഷ സ്വയംസഹായസംഘങ്ങൾക്കും ഗ്രാമസഭ ചേരുന്നതിനുമുമ്പായി നൽകാവുന്നതാണ്. ഈ കുറിപ്പ് ചർച്ചചെയ്ത് അവരുടെ അഭിപ്രായങ്ങൾ ഒരു പ്രതിനിധിവഴി ഗ്രാമസഭയിൽ അവതരിപ്പിക്കാൻ സന്ദർഭമുണ്ടാക്കണം. ഇതുവഴി ചർച്ചകൾ കൂടുതൽ ഫലപ്രദമാക്കാൻ കഴിയും. പരമാവധി ആളുകളെ ഈ ആദ്യഗ്രാമസഭയിൽ പങ്കെടുപ്പിക്കുന്നതിന് മേൽപ്പറഞ്ഞ സംഘങ്ങളെ ഉപയോഗപ്പെടുത്താനാവും.